പകുതിവില തട്ടിപ്പ്. നഗരസഭ കൗണ്‍സിലറുടെ പരാതിയില്‍ മണ്ണാര്‍ക്കാട് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്
പകുതി വില തട്ടിപ്പ്. മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍ സിന്ദു വിജയകുമാറിന്‍റെ പരാതിയില്‍ ബിജെപി മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ 4 സീഡ് സൊസൈറ്റി പ്രതിനിധികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി യോജകമണ്ഡലം പ്രസിഡന്‍റ് ബിജു നെല്ലബാനി, വേണുഗോപാല്‍, സ്നേഹ, ശുഭ എന്നിവരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പകുതി വിലയ്ക്ക് സ്കൂട്ടര്‍ നല്‍കാമെന്ന വാഗ്ദാനവുമായി 61900 സീഡ് സൊസൈറ്റി കൈപ്പറ്റിയതായി സിന്ധു വിജയകുമാര്‍ പറഞ്ഞു.സൊസൈറ്റിയില്‍ അംഗത്വ ഫീസായി 320 രൂപ, വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റുമായി 5900 രൂപ എന്നിങ്ങനെ ഗൂഗിള്‍ പേ വഴിയും, 56000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍

ചെയ്യുകയും ചെയ്തു. ഇതിന് സ്കൂട്ടര്‍ നല്‍കാമെന്നേറ്റ സംരംഭമായ പ്രൊഫഷണല്‍ സര്‍വീസസ് ഇന്നോവേഷന്‍ ഉടമ അനന്തു കൃഷ്ണനില്‍ നിന്ന് പ്രോമിസറി നോട്ടും കൈപ്പറ്റിയിട്ടുണ്ട്. ഈ കേസില്‍ അനന്തു കൃഷ്ണനാണ് ഒന്നാംപ്രതി.സിന്ധു വിജയകുമാറിനൊപ്പം മൂന്ന് വനിതാ സുഹൃത്തുക്കളും ഇത്തരത്തില്‍ സ്കൂട്ടറിന് വേണ്ടി പണം കൈമാറിയിട്ടുണ്ട്.സ്കൂട്ടര്‍ ലഭിക്കാന്‍ മാര്‍ച്ച് വരെ സമയം പറഞ്ഞെങ്കിലും തട്ടിപ്പ് പുറത്തായ വാര്‍ത്ത വന്നതോടെയാണ് പരാതി നല്‍കിയതെന്നും സിന്ധു വിജയകുമാര്‍ പറഞ്ഞു.നിലവില്‍ 50ലധികം പരാതികളാണ് മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ചുള്ളത്. പരാതിക്കാരുടെ മൊഴിയെടുക്കുന്നത് മുറയ്ക്ക് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല ഉള്ളത്.