പൂഞ്ചോലയിൽ കാട്ടാനായിറങ്ങിയ പ്രദേശം എംഎൽഎ സന്ദർശിച്ചു
പേടിച്ച് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് നാട്ടുകാർ, പ്രത്യേക യോഗം ചേർന്ന് അടിയന്തര നടപടിയുണ്ടാകുമെന്ന് ഉറപ്പു നൽകി എംഎൽഎ കെ. ശാന്തകുമാരി, കാഞ്ഞിരപ്പുഴ പൂഞ്ചോലയിൽ കഴിഞ്ഞ ദിവസം കാട്ടാനായിറങ്ങിയ പ്രദേശം എംഎൽഎ സന്ദർശിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചേ കാലോടെയാണ് കാട്ടാനായിറങ്ങിയത്. പ്രദേശത്ത് ഏറെ ഭീതി പരത്തിയ ആനയെ ഒൻപത് മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാട് കയറ്റുകയായിരുന്നു. പ്രദേശം സന്ദർശിക്കാനെത്തിയ എംഎൽഎ മണ്ണാർക്കാട് ആർ ആർ ടി സംഘവുമായും പഞ്ചായത്ത് അധികൃതരുമായും നാട്ടുകാരുമായും സംസാരിച്ചു. പാമ്പൻതോട് പുഴ മുതൽ പൂങ്കുളംപുഴ വരെ ഫെൻസിങ് പോലുള്ള സംവിധാനങ്ങൾ ഇല്ലെന്നും അതുവഴിയാണ് ആനകൾ

വരുന്നതെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ പൂർത്തിയാക്കേണ്ട നാലര കിലോമീറ്ററോളം വരുന്ന ഫെൻസിങ് പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുവാൻ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൂർത്തിയാക്കിയിട്ടുള്ള ഹാങ്ങിങ് ഫെൻസിങ് സംവിധാനത്തിൽ മെയിന്റനൻസ് ആവശ്യമാണ്. വനംവന്യജീവി ശല്യത്തിനെതിരെ പഞ്ചായത്ത് മുഖേന പ്രോജക്ട് വക്കുവാനും എം എൽ എ ആവശ്യപ്പെട്ടു. നിലവിലുള്ള പ്രോജക്ട് വിലയിരുത്തുന്നതിനായി ഫോറസ്റ്റ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം ഉടൻ ചേരുമെന്നും എംഎൽഎ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പ്രദീപ്, വാർഡ് മെമ്പർ ഷിബി കുര്യൻ, ആർ ആർ ടി ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു