മണ്ണാർക്കാട് കോട്ടോപ്പാടം എയ്‌ഡഡ് വിദ്യാലയത്തിലെ ഹിന്ദി അധ്യാപകന് കരിമ്പ സർക്കാർ യുപി സ്കൂളിൽ നിയമനം നൽകിയതായി പരാതി.
രാഷ്ട്രീയ സ്വാധീനത്തിൽ അധ്യാപക നിയമനം നടത്തുകയാണെങ്കിൽ പി എസ് സിയുടെ ആവശ്യകതയെന്താണ്, ഉദ്യോഗാർഥികളുടെ കാത്തിരിപ്പിനു വിലയില്ലേ എന്ന് ബിജെപി കരിമ്പ ഏരിയ കമ്മിറ്റി നേതാക്കൾ, മണ്ണാർക്കാട് കോട്ടോപ്പാടം കെ എ എച്ച് എസ് എയ്‌ഡഡ് വിദ്യാലയത്തിലെ ഹിന്ദി അധ്യാപകന് കരിമ്പ സർക്കാർ യുപി സ്കൂളിൽ നിയമനം നൽകിയതായി പരാതി. സ്‌കൂൾ പ്രധാന അധ്യാപകൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പൊതു വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പരാതി നൽകിയത്. സ്കൂളിൽ നിലവിൽ ഉണ്ടായിരുന്ന ഹിന്ദി താൽക്കാലിക അധ്യാപികയെ മാറ്റിയാണ് എയ്‌ഡഡ് വിദ്യാലയത്തിലുള്ള അധ്യാപകനെ

മുഴുവൻ സമയത്തേക്കായി നിയമിച്ചത്. കോട്ടോപ്പാടം സ്കൂളിലെ അധ്യാപകനായിരുന്ന ശ്യാമപ്രസാദിനെ ഡിവിഷൻ നഷ്ടപ്പെട്ടതോടെ ജിയുപി സ്കൂളിലേക്ക് മാറ്റുകയായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. എയ്‌ഡഡ് സ്കൂളിലെ അധ്യാപകന് മറ്റൊരു എയ്‌ഡഡ് സ്ഥാപനത്തിൽ ജോലി നൽകുകയാണ് വേണ്ടത്, പിഎസ്‌സി നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ ഒഴിവാക്കി നിയമിക്കുകയല്ല ചെയ്യേണ്ടത്. വിഷയത്തെ നിയമപരമായി നേരിടുമെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. ബിജെപി കരിമ്പ ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ. കെ ജയപ്രകാശ്, കല്ലടിക്കോട് ഏരിയ പ്രസിഡന്റ് പി. ശരത്ത്, കെ. ആർ വിജയൻ, രാഹുൽ അച്ചാരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.