അട്ടപ്പാടിയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി സൃഷ്ടിക്കുകയാണ് ദിനംപ്രതി കാട്ടാനകൾ, കഴിഞ്ഞ ദിവസം ധാന്യം, ചീരക്കടവ്, പാലൂർ തുടങ്ങി മൂന്നിടങ്ങളിലാണ് കാട്ടാനയെത്തിയത്

ചീരക്കടവിൽ രാത്രി ഒരു മണിക്കും രാവിലെ 6 മണിക്കും എത്തിയ കാട്ടാന കൂട്ടത്തെ പുതൂർ ആർ ആർ ടി സംഘം മലവാരത്തേക്ക് കയറ്റി വിടുകയായിരുന്നു. ധാന്യം മേഖലയിൽ രാത്രി 8.15 ഓടെയും പാലൂരിൽ രാത്രി 10 മണിയോടെയും ആനകളെത്തി. ഒറ്റയാനും കൂട്ടവും എല്ലാമായി മേഖലകളിൽ ഇപ്പോൾ കൂടുതലായി ആന സംഘത്തെ കാണാം. കഴിഞ്ഞ ദിവസം ബൊമ്മിയാംപടിയിൽ വീടിന്റെ ഗേറ്റ് തള്ളിതുറന്ന് മുറ്റത്തേക്ക് വരുന്ന ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു, മാത്രമല്ല ജെല്ലിപ്പാറ ഒമ്മല, മഞ്ഞച്ചോല പ്രദേശങ്ങളിൽ വലിയ രീതിയിൽ കാട്ടാനകൾ കൃഷി നാശമുണ്ടാക്കിയിട്ടുണ്ട്.





അതേസമയം, ആർ ആർ ടി സംഘത്തിന്റെ പരിശോധന പ്രദേശത്ത് സജീവമായി ഉണ്ടെന്നതിനാൽ ആളപായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല എന്നത് മാത്രമാണ് നിലവിലെ ആശ്വാസം. എന്നാൽ, ഔദ്യോഗിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അല്ലാത്തിടങ്ങളിലെ വ്യൂ പോയിന്റുകളിലേക്ക് എത്തുന്ന സഞ്ചാരികൾ ആനക്കൂട്ടങ്ങളുടെ മുൻപിൽ പെടുകയും അപകടമുണ്ടാകുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. പരപ്പൻതറ, അബ്ബന്നൂർ തുടങ്ങിയ വ്യൂ പോയിന്റുകൾ ആനകളുടെ സാന്നിധ്യമുള്ള ഇടങ്ങളാണ്. കഴിഞ്ഞ കാലങ്ങളിൽ പ്രദേശത്തേക്ക് കുടിയേറി വന്നവരിലാണ് ആന പേടി കൂടുതലുള്ളത്. ആനക്കൂട്ടം സൃഷ്ടിക്കുന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ട് കഴിയുകയാണ് അട്ടപ്പാടിയിലെ ജനത.

Related