മണ്ണാർക്കാട് നഗരസഭയിലെ 2026 -27 വർഷത്തെ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർപേഴ്സൺ കെ.ബാലകൃഷ്ണൻ
സമ്പൂർണ പാർപ്പിട നഗരമായി നഗരസഭയെ മാറ്റും, ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ്, ഗ്യാസ് ക്രിമിറ്റോറിയം എന്നിവക്ക് ഇത്തവണയും തുക വകയിരുത്തി, മണ്ണാർക്കാട് നഗരസഭയിലെ 2026 -27 വർഷത്തെ ബജറ്റ് അവതരിപ്പിച്ച് വൈസ് ചെയർപേഴ്സൺ കെ.ബാലകൃഷ്ണൻ. മുൻ ഭരണ സമിതി ആവിഷ്കരിച്ച് നടപ്പാക്കി തുടങ്ങിയ ലൈഫ് 20-20 പദ്ധതി പ്രകാരമുള്ള എല്ലാ ഗുണഭോക്താക്കൾക്കും ഭവന നിർമ്മാണ ആനുകൂല്യമായി 4 ലക്ഷം രൂപ അനുവദിക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനത്ത് ഒരു നഗരസഭ നേരിട്ട് വഹിക്കുന്ന രീതിയിൽ 9 കോടി 20
ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. 62,05,33,437 രൂപ ആകെ വരവും 59,62,14,400 രൂപ ചിലവും 2,43,19,037 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മതിപ്പ് ബജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്. ഖരമാലിന്യ സംസ്കരണ പദ്ധതികൾക്കും ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനും ഇത്തവണത്തെ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ട്. പാർപ്പിട ഗുണഭോക്താക്കളുടെ എണ്ണം ഇനിയുമുണ്ടെന്നതിനാൽ വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് പാർലിമെന്ററി പാർട്ടി നേതാവ് എസ്. അജയകുമാർ അഭിപ്രായപ്പെട്ടു. വൈകീട്ട് നടക്കുന്ന ബജറ്റ് ചർച്ചയിൽ നിർദേശങ്ങൾ വിശകലനം ചെയ്യും.







