കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം 23, 24 ന് മണ്ണാർക്കാട്
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 62-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രിൽ 23, 24 തീയതികളിൽ മണ്ണാർക്കാട് നടക്കും, 41 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി മണ്ണാർക്കാട് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന KASNTSA യുടെ പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ പതാക ഉയർത്തും. വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ്, വിദ്യാഭ്യാസ സെമിനാർ, സംസ്ഥാന കൗൺസിൽ, അവാർഡ് ദാനം, വിദ്യാർത്ഥികൾക്കുള്ള അനുമോദനം എന്നിവ നടക്കും.
MP വി.കെ ശ്രീകണ്ഠൻ, MLA എൻ. ഷംസുദ്ദീൻ, നഗരസഭ ചെയർപേഴ്സൺ കെ സജ്ന, സംസ്ഥാന ജനറൽ സെക്രട്ടറി N.V മധു തുടങ്ങിയവർ സംബന്ധിക്കും. എയ്ഡഡ് മേഖലയിലെ ഹയർസെക്കണ്ടറികളിൽ അനധ്യാപക നിയമനം നടത്താത്തതിനെതിരെയും അനധ്യാപകരുടെ സേവന അവകാശങ്ങൾ കവർന്നെടുക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടാണ് സമ്മേളനം നടക്കുന്നത്. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കൺവീനർ വൈ. നസീർ, സതീഷ് കുമാർ, കൃഷ്ണകുമാർ, പി.എം ജയകുമാർ, താഹിർ തങ്ങൾ, മുഹമ്മദ് ഷാഫി, ശബരി നാഥ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







