പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെ സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിന്റ കീഴിൽ സർജറി ചെയ്തവർക്കായി ഒരുക്കിയ ഫുട്ബോൾ മത്സരം മികവുറ്റതായി
പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെ സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിന്റ കീഴിൽ സർജറി ചെയ്തവർക്കായി ഒരുക്കിയ ഫുട്ബോൾ മത്സരം മികവുറ്റതായി. ഒരിക്കലും കളിക്കളത്തിലേക്ക് തിരികെ എത്താനാകില്ലെന്ന് ഉറപ്പിച്ച കായിക താരങ്ങളാണ് മത്സരത്തിൽ ബൂട്ടണിഞ്ഞത്. ലോകകപ്പ് ആവേശം അലതല്ലുന്ന ഈ വേളയിൽ ലോക ചാമ്പ്യന്മാരായ അർജന്റിന - ബ്രസിൽ ടീമുകളുടെ പ്രതീകാത്മക മത്സരമാണ് നടന്നത്. ഫ്രാൻസിലെ ഫിഫ അംഗീകൃത കേന്ദ്രത്തിൽ നിന്നും സ്പോർട്സ് ഇഞ്ചുറി വിഭാഗത്തിൽ വിദഗ്ധ പരിശീലനം നേടിയ ഡോ. അബ്ദുള്ള ഖലീലിന്റെ നേതൃത്വത്തിലുള്ള വിങ്ങാണ് ഇവരെ പരിചരിച്ചിരുന്നത്. കളിക്കളത്തിൽ നിന്നും എല്ലിന് പരിക്ക് പറ്റിയാലും അതേ ആർജ്ജവത്തോടെ വീണ്ടും കളത്തിലിറങ്ങാൻ കഴിയുന്ന നൂതന ചികിത്സ സംവിധാനമാണ് കിംസ് അൽശിഫയിലുള്ളത്. 13 വർഷത്തിനുള്ളിൽ നിരവധി ദേശീയ, അന്തർദേശീയ താരങ്ങൾ ഇതിനകം ചികിത്സ തേടി വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. സർജറിക്ക്
ശേഷവും ഭയമില്ലാതെ വീണ്ടും കളിക്കാൻ കഴിയുമെന്ന ഉറപ്പാണ് ഈ മത്സരത്തിലൂടെ ഉദ്ദേശിച്ചതെന്ന് ഡോ. അബ്ദുള്ള ഖലീൽ പറഞ്ഞു. തന്റെ രോഗികളെ ടീമുകളാക്കി തിരിച്ചു സ്‌പോർട്സ് സർജൻ നടത്തുന്ന ഈ മത്സരം കൗതുക കാഴ്ചയാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് MLA നജീബ് കാന്തപുരം പറഞ്ഞു. കിംസ് അൽശിഫയിൽ ഒട്ടനവധി കായിക താരങ്ങളുടെ സർജറി ഡോ. അബ്ദുള്ള ഖലീൽ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഫുട്ബോൾ കളിക്കാരുടേതാണ്. എല്ലാ മേഖലയിലും പെരിന്തൽമണ്ണ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നുവെന്ന് കിംസ് അൽശിഫ വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ അഭിപ്രായപ്പെട്ടു. കരിങ്കല്ലത്താണി സൈക്കോ സ്പോർട്സ് ഫുട്ബോൾ ടർഫ് ഗ്രൗണ്ടിലാണ് സോക്കർ ഫെസ്റ്റ് നടന്നത്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രിയൻ കെ.സി, ഡോ. ഷാഹുൽ ഹമീദ് തുടങ്ങി ആശുപത്രി അധികൃതർ പങ്കെടുത്തു.







