കോട്ടോപ്പാടം, പാറപ്പുറം കച്ചേരിപറമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ റോഡ് അടച്ചു പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ
കോട്ടോപ്പാടം, പാറപ്പുറം കച്ചേരിപറമ്പ് റോഡിന്റെ ശോചനീയാവസ്ഥയിൽ റോഡ് അടച്ചു പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ, മണിക്കൂറോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു, അധികൃതരെത്തി പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് റോഡ് തുറന്നു നൽകിയത്. പാറപ്പുറം മുതൽ കച്ചേരിപറമ്പ് കുന്നശേരി വരെയുള്ള 2 കിലോമീറ്ററോളം റോഡാണ് തകർന്നത്. റോഡ് നവീകരണത്തിനായി കഴിഞ്ഞ സർക്കാർ ബജറ്റിൽ 2 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ടെൻഡർ നടപടികൾ പൂർത്തീകരിക്കാനാകാതെ പ്രവർത്തി വൈകി. മഴ പെയ്തതോടെ ഡ്രൈനേജ് വെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയാണ്. ഇക്കാരണത്താൽ നിരവധി വാഹനങ്ങളും അപകടത്തിൽ പെടുന്നു. നിരവധി സ്വകാര്യ ബസുകളും, സ്കൂൾ വാഹനങ്ങളും ഈ വഴി പോകുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നു പോകാൻ വലിയ പ്രയാസവും നേരിടുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡിൽ താത്കാലിക അറ്റകുറ്റപണികൾ നടത്താൻ പോലും
പഞ്ചായത്ത് തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ജനകീയ കൂട്ടായ്മ റോഡ് അടച്ചത്. ഇതോടെ ക്വാറി വേസ്റ്റ് നിരത്തി സമരം തടയാൻ പഞ്ചായത്ത് അധികൃതർ ശ്രമിച്ചെങ്കിലും ജനങ്ങൾ തടഞ്ഞു. വിഷയത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ബഷീർ താളിയിൽ പറഞ്ഞു. GSP നിരത്തി കുഴികൾ അടക്കണമെന്നായിരുന്നു ആവശ്യം. പോലീസും പഞ്ചായത്തംഗങ്ങളും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 4, 20, 21 എന്നിങ്ങനെ മൂന്ന് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പഞ്ചായത്ത് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്ന 10000 രൂപ വീതം ഓരോ വാർഡിൽ നിന്നും ലഭ്യമാക്കി 30000 രൂപയും, പഞ്ചായത്തംഗങ്ങളായ സൈനുദ്ധീൻ താളിയിൽ, ബഷീർ കൂമഞ്ചിരി എന്നിവർ വ്യക്തിപരമായി 10000 രൂപ വീതവും ചിലവഴിച്ച് GSP നിരത്താമെന്ന് അറിയിച്ചതോടെയാണ് ജനങ്ങൾ പിരിഞ്ഞുപോകാൻ തയ്യാറായത്. ഗഫൂർ മലയിൽ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.







