മണ്ണാർക്കാട് വ്യാപാര സ്ഥാപനത്തിൽ പട്ടാപകൽ ഗുണ്ടാ അക്രമം
മണ്ണാർക്കാട് വ്യാപാര സ്ഥാപനത്തിൽ പട്ടാപകൽ ഗുണ്ടാ അക്രമം. ആശുപത്രിപ്പടിയിലെ കൈരളി ജ്വല്ലറിയിലാണ് വെള്ളിയാഴ്ച 4 മണിയോടെ ഗുണ്ടാ ആക്രമണം നടന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ജ്വല്ലറിയിലെ സ്വയ്പിങ്ങ് മിഷീനിൽ നിന്ന് പണം നൽകണമെന്ന ആവശ്യം നിരസിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. സ്ഥാപന ഉടമ ബാബു സ്ഥലത്തുണ്ടായിരുന്നില്ല. ലഹരിക്ക് അടിമപ്പെട്ട നിലയിൽ സ്ഥാപനത്തിലെത്തിയ ഒരാൾ ജീവനക്കാരനായ വിനോദിനെ ക്രൂരമായി മർദിച്ചു, ഈ സമയം ഇയാൾക്കൊപ്പമുണ്ടായിരുന്ന വ്യക്തി സ്ഥാപനത്തിന്റെ വാതിൽ അടച്ചു
പിടിച്ച് രക്ഷിക്കാൻ വന്നവരെ തടഞ്ഞു. പരിക്കേറ്റ വിനോദിനെ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് വിനോദിന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോവിന്ദപുരം സ്വദേശിയായ ബിനിഷ് ആണ് അക്രമം നടത്തിയതെന്നാണ് സൂചന. സ്ഥാപനത്തിലെ ഫർണിച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മരുന്നു വേട്ടകൾ നടക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് അതീവ ഗൗരവമായി കാണണമെന്നും, പ്രതികളെ ഉടൻ പിടികൂടണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.







