പ്രിയപ്പെട്ട ജനങ്ങളെ.. ബീയര്‍ കുപ്പി പൊട്ടിച്ച് ചുരത്തില്‍ എറിയരുതെ, അത് ആനയുടെ കാലില്‍ കുത്തും, വ്രണമാകും, ആ പാവം ചത്തുപോകും : അട്ടപ്പാടി ചുരത്തിലെ മാലിന്യം നീക്കം ചെയ്തു
മാലിന്യം നീക്കി കാടിനെ ഒരുക്കാൻ വനം വകുപ്പും പരിസ്ഥിതി കൂട്ടായ്മയും കൈകോർത്തു, വനമഹോത്സവം പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി ചുരത്തിലെ മാലിന്യം നീക്കം ചെയ്തു. പ്രാദേശിക സഞ്ചാരം ഓർഗനൈസേഷൻ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് പരിസ്ഥിതി സാമൂഹ്യ കൂട്ടായ്മയാണ് വനംവകുപ്പിനൊപ്പം ശുചീകരണത്തിൽ പങ്കാളിയായത്. ആനമൂളി ചെക്പോസ്റ്റ് മുതൽ പത്താംവളവ് വരെ ചുരത്തിലും പരിസരങ്ങളിലുമുളള പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുളള മാലിന്യം നീക്കം ചെയ്തു. മണ്ണാർക്കാട് DFO അബ്ദുൽ ലത്തീഫ്. സി ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസർ ഇമ്രോസ് ഏലിയാസ് നവാസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മുഹമ്മദ് അഷ്റഫ് എന്നിവർ ബോധവൽക്കരണം നൽകി. കണ്ണിന് കുളിർമയേകുന്നതാണ് അട്ടപ്പാടിയിലെ കാഴ്ചകൾ. സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ
മാത്രമല്ല, ഇരുളിന്റെ മറവിൽ വലിയ തോതിൽ ഇവിടെ മാലിന്യം നിക്ഷേപിക്കപ്പെടുന്നതും പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, മദ്യകുപ്പികൾ, ഡയപ്പറുകൾ തുടങ്ങി നിരവധി മാലിന്യങ്ങളാണ് പ്രദേശത്തിന് ഭീഷണിയാകുന്നത്. അട്ടപ്പാടി ചുരത്തിൽ മാലിന്യം നിറയുമ്പോഴാണ് ഒരു കൂട്ടം പരിസ്ഥിതി സ്നേഹികൾ ശുചീകരണത്തിനായി എത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ ശുചീകരണം നടത്താറുണ്ടെങ്കിലും പൂർണമായും നീക്കം ചെയ്യാനാകാത്തവിധം ഗുരുതരമാണ്. മാലിന്യം വലിച്ചെറിയുന്നത് തടയാൻ നിയമ നടപടികൾ കർശനമാക്കണമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ ആവശ്യം. പ്രാദേശിക സഞ്ചാരം ഓർഗനൈസേഷൻ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് പരിസ്ഥിതി സാമൂഹ്യ കൂട്ടായ്മ അംഗങ്ങളായ ഷാഫി തെരിയത്ത്, അറഫാത്ത് കെ.പി, ബബിൻ. ബി എന്നിവർ സംബന്ധിച്ചു.







