തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ദയാവധം നടപ്പിലാക്കാം, തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

ജീവന് ഭീഷണി സൃഷ്ടിക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ദയാവധം ഉൾപ്പെടെ നടപ്പിലാക്കാം, തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി, മണ്ണാർക്കാട്ടെ ജനങ്ങൾ നേരിടുന്ന വലിയൊരു പ്രശ്നത്തിന് ഉത്തരവ് പ്രവർത്തികമാക്കുന്നതോടെ ആശ്വാസമാകും. മണ്ണാർക്കാട് തെരുവുനായ ആക്രമണക്കേസുകൾ നിരവധിയുണ്ടായിട്ടുണ്ട്. നഗരസഭാ കൗൺസിലിൽ ചർച്ചകൾ വരെ ഉണ്ടായിട്ടും തെരുവുനായ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായിട്ടില്ല. തെരുവുനായ്ക്കളെ നിയന്ത്രിക്കാനായി ദയാവധം ഉൾപ്പെടെയുള്ള നടപടികൾ സീകരിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ജനങ്ങൾക്ക് ഏറെ ആശ്വാസമാകും. സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് സർക്കാർ ഉത്തരവോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടി എടുക്കാം. നിയമപരമായ എല്ലാ നടപടികളും പാലിച്ച് ഉചിതമായ





കേസുകളിൽ മാത്രമേ ഇത് നടപ്പിലാക്കാനാകൂ. പൊതുസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇടങ്ങളിൽ യോഗ്യരായ വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിലൂടെ വേണം നടപടികൾ എടുക്കേണ്ടത്. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ അനിമൽ ബർത്ത് കൺട്രോൾ മോണിറ്ററി കമ്മിറ്റി രൂപീകരിച്ചു സാഹചര്യങ്ങൾ വിലയിരുത്തണം. വെറ്ററിനറി ഡോക്ടർ, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികൾ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയാനുള്ള ജില്ലാതല കമ്മിറ്റിയിലെ പ്രതിനിധി എന്നിവരടങ്ങുന്നതാകണം കമ്മിറ്റി. ഗുരുതര രോഗം ബാധിച്ചവ, അപകടത്തിൽ പെട്ടവ, മരണസന്ന നിലയിലുള്ളവ എന്നീ സാഹചര്യങ്ങളിലുള്ള നായകൾക്ക് ദയാമരണം അനുവദിക്കാറുണ്ട്, എന്നാലിപ്പോൾ തെരുവുനായ്ക്കൾ നിരന്തരം മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ദയാമരണം ഉപയോഗിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

Related