അപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അലനല്ലൂര്‍ സ്വദേശി 16 കാരന്‍ ആദിലിന്‍റെ കരൾ, കിഡ്‌നികൾ, കണ്ണ് എന്നിവ ദാനം ചെയ്യും

"മകൻ പോയെന്നറിയാം, പൂർണമായും അവൻ പോകേണ്ട, അവനിലൂടെ മറ്റുള്ളവർ ലോകം കാണട്ടെ" മകൻ നഷ്ടപ്പെട്ട ദുഖത്തിലും മരവിപ്പ് മാറാതെ അലനല്ലൂർ ഭീമനാട് സ്കൂൾപ്പടി സ്വദേശി പണിക്കവീട്ടിൽ ഷാഹുൽ ഹമീദും ഷൈനിയും ഉറച്ച തീരുമാനമെടുത്തു. അവരുടെ മകൻ, വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച 16 കാരൻ ആദിലിന്റെ കരൾ, കിഡ്‌നികൾ, കണ്ണ് എന്നിവ ദാനം ചെയ്യും. സഹജീവികൾക്ക് ജീവിതം നൽകാൻ അവയവദാന സമ്മതപത്രത്തിൽ ആ കുടുംബം ഒപ്പുവച്ചു. വെട്ടത്തൂർ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ് ആദിൽ. കാറ്ററിങ്ങ് വർക്കിനായി സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യവേ വെള്ളിയാഴ്ച





രാത്രി 11 മണിക്ക് മണ്ണാർമല ജംഗ്ഷനിൽ വച്ച് ആദിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു ഫോർച്ച്യൂണർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചപ്പോൾ മറ്റുള്ളവരിലൂടെ മകൻ ജീവിച്ചുകാണാൻ കുടുംബം അധികൃതരെയും ഡോക്ടർമാരെയും ബന്ധപ്പെടുകയായിരുന്നു. മണ്ണാർക്കാട് സാമൂഹ്യപ്രവർത്തകനായ അസ്‌ലം അച്ചു, ഡോ. കമ്മപ്പ എന്നിവരുടെ നേതൃത്വത്തിൽ IMA ഭാരവാഹികളുടെ സഹായത്തോടെ അവയവ കൈമാറ്റത്തിനായുള്ള നടപടികൾ സ്വീകരിച്ചു. അലനല്ലൂർ മുണ്ടത്ത്പള്ളിയിൽ ഇന്ന് വൈകീട്ട് 4.30 ന് ആദിലിന്റെ ഖബറടക്കം നടക്കും. ആദില, ആനിസ, എന്നിവരാണ് സഹോദരങ്ങൾ. മറ്റുള്ളവർക്ക് പുതുജീവിതം നൽകിക്കൊണ്ടാണ് ആദിലിന്റെ മടക്കം.

Related