കാരാകുറിശ്ശി ആകാശപറവയിലെ അന്തേവാസികൾക്കൊപ്പം ഓണമാഘോഷിച്ച് ഫ്രണ്ട്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ, ഓണക്കോടി നൽകിയും ഓണസദ്യയൊരുക്കിയുമാണ് ആഘോഷം
മാവേലി നാടുവാണിരുന്ന കാലത്തെ അനുസ്മരിപ്പിച്ച് മാനുഷരെ ചേർത്ത് പിടിച്ച് കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായാണ് ഫ്രണ്ട്‌സ് ആർട്സ് & സ്പോർട്സ് ക്ലബ് ഇത്തവണ ഓണമാഘോഷിച്ചത്. ഓലക്കുടയും ചൂടി മാവേലി വന്നിറങ്ങിയപ്പോൾ കാരാകുറിശ്ശി ആകാശപറവകൾ ത്രിത്വാശ്രമത്തിലെ അന്തേവാസികളുടെ മുഖത്ത് അമ്പരപ്പ്, ഓരോരുത്തർക്കും ആശംസകൾ നൽകി മാവേലി കൈനീട്ടിയപ്പോൾ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി. ആഹ്ലാദത്തോടെ അവർ മാവേലിയെ സ്വീകരിച്ചു. പൂക്കളമൊരുക്കി. ഓണാഘോഷം വാർഡ് മെമ്പർ രാധിക ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ യുവാക്കൾ എല്ലാവർക്കും
ഓണക്കോടികൾ കൈമാറി. പിന്നെ പാട്ടുകൾക്കും നൃത്തങ്ങൾക്കുമായി വേദിയൊരുങ്ങി. അന്തേവാസികളെല്ലാം താളത്തിനൊപ്പം ചുവടുകൾ വച്ചു, അവരിലെ കലാപ്രതിഭകൾക്ക് ഓണതിളക്കം, നിറഞ്ഞ കയ്യടികൾ, സ്നേഹം ചാലിച്ച് യുവാക്കൾ അവർക്ക് ഓണസദ്യ വിളമ്പി, മനസ്സ് നിറയെ പാലട പായസത്തിന്റെ മധുരം നിറഞ്ഞു. ഒത്തുചേരലിന്റെയും പങ്കുവക്കലിന്റെയും സന്ദേശം പകർന്നുകൊണ്ടാണ് ക്ലബ് അംഗങ്ങൾ ആകാശപറവ ത്രിത്വാശ്രമത്തിന്റെ പടികളിറങ്ങിയത്. ഫാ. ജോയ്, ക്ലബ് സെക്രട്ടറി സുഭാഷ് പി, സുമിത, KS കൃഷ്ണദാസ്, KS രമേഷ്ബാബു, ലക്ഷ്മിക്കുട്ടി, കൃഷ്ണകുമാർ, ജ്യോതിപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.







