പഠിക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്കൊരു ജോലി വേണം, ഒരു സ്കൂളില്‍ ഒരു ഉല്‍പന്നം, VHSE യില്‍ ആധുനിക തൊഴിലിധിഷ്ഠിത കോഴ്സുകള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി N ഷംസുദ്ദീൻ

വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും ആകർഷകമാക്കുന്നതിനും സമഗ്രപരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, താവളം- മുള്ളി വഴി ഊട്ടിയിലേക്ക് പോകുന്ന പാതയിലെ യാത്രാതടസം പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് VHSE വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്കിൽബിസ് - വൺ സ്കൂൾ, വൺ പ്രോഡക്റ്റ് / സർവീസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടി പുതൂർ ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി എൻ. ഷംസുദ്ദീൻ. പുതിയ കാലഘട്ടത്തിനനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. VHSE യെ കൂടുതൽ വിദ്യാർഥിസൗഹൃദവും ആധുനികവുമാക്കാനുള്ള രൂപരേഖ സമിതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പുതൂർ സ്കൂളിനായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ





വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ സ്കൂളിലും തൊഴിൽപരമായ ഒരു ഉത്പന്നമോ സേവനമോ വികസിപ്പിച്ചെടുത്ത് സമൂഹത്തിലേക്ക് എത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പുതൂർ ഗവ. ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാസ്റ്റർ ഗാർഡനർ, ഫ്ലോറി കൾച്ചറിസ്റ്റ് കോഴ്സുകളുടെ ഭാഗമായി ഗോത്രകലയും പരിസ്ഥിതിസൗഹൃദ സമീപനങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഇൻഡോർ ഓർണമെന്റൽ പ്ലാന്റ് നിർമാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. VHSE രണ്ടാം വർഷ വിദ്യാർഥി എം. ഗോകുൽ നടത്തിയ ഫോട്ടോ പ്രദർശനവുമുണ്ടായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ അധ്യക്ഷനായി. VHSE ഡെപ്യൂട്ടി ഡയറക്ടർ കെ.വി മനോജ്, തങ്കവേൽ, D.S ചിത്ര, വി.എം ലത്തീഫ്, MM അസ്ഹർ, അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, മരിയ തെരേസ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ സംബന്ധിച്ചു.

Related